കനേഡിയൻ ജനസംഖ്യ 42 ദശലക്ഷത്തിലേക്ക് അടുക്കുന്നു

By: 600007 On: Nov 11, 2024, 9:21 AM

 

കാനഡയിൽ  ജനസംഖ്യ 42 ദശലക്ഷത്തിലേക്ക് അടുക്കുന്നു. ഒരു വർഷത്തിനുള്ളിൽ ജനസംഖ്യയിൽ  സുപ്രധാന നാഴികക്കല്ലാകും രാജ്യം  കൈവരിക്കുക. നിലവിൽ 41 ദശലക്ഷമാണ് കാനഡയുടെ  ജനസംഖ്യ. കഴിഞ്ഞ വർഷം ജൂണിലാണ് ജനസംഖ്യ 40 ദശലക്ഷത്തിലെത്തിയത്.2024 മാർച്ചിൽ ഇത് 41 ദശലക്ഷത്തിലുമെത്തി. എട്ട് മാസങ്ങൾക്ക് ശേഷം, ഇത് 42 ദശലക്ഷത്തിലേക്ക് അടുക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.   

കനേഡിയൻ പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും ജനസംഖ്യാപരമായ മാറ്റങ്ങൾ സ്റ്റാറ്റിസ്റ്റിക്സ് കാനഡ കൃത്യമായി വിലയിരുത്തുന്നുണ്ട്. ജനനം, മരണം, കുടിയേറ്റക്കാർ, സ്ഥിരതാമസക്കാരല്ലാത്തവർ, അന്തർ പ്രവിശ്യാ കുടിയേറ്റക്കാർ തുടങ്ങിയവയെല്ലാം  കണക്കിലെടുത്താണ് മാറ്റങ്ങൾ അളക്കുന്നത്.  ജനസംഖ്യാ ട്രാക്കർ അനുസരിച്ച്, ഒൻ്റാരിയോ ആണ് ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ. 16,363,238 ആണ് ഒൻ്റാരിയോയിലെ ജനസംഖ്യ. നുനാവത്താണ്  ജനസംഖ്യ കുറവുള്ള പ്രദേശം.ഏപ്രിൽ 1 മുതൽ ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം ആൽബെർട്ടയാണ് അതിവേഗം ജനസംഖ്യ കൂടുന്ന പ്രവിശ്യ. മറ്റ് രാജ്യങ്ങളിൽ നിന്നും പ്രവിശ്യകളിൽ നിന്നും ആളുകളെത്തുന്നത് കൂടിയതിനാലാണ് ഇത്.  കൊവിഡിനെ തുടർന്നുള്ള അതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന് 2020-ൽ ജനസംഖ്യാ വളർച്ച ഏതാണ്ട് നിലച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് ജനസംഖ്യയിൽ  വളർച്ച പ്രകടമാകുന്നത്